ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
700 കൊല്ലം പഴക്കമുള്ള മാരാരിക്കുളം മഹാദേവക്ഷേത്രം, കണിച്ചുകുളങ്ങര ദേവീക്ഷേത്രം, മാരാരിക്കുളം സെന്റ് അഗസ്ത്യന്‍ ക്രിസ്ത്യന്‍ പള്ളി, പെരുമന്നര്‍ സെന്റ് ആന്റണീസ് ദേവാലയം, 1865-ല്‍ സ്ഥാപിതമായ ചെത്തിയിലെ മുസ്ളീം പള്ളി, തിരുവിഴ മഹാദേവക്ഷേത്രം, നീലകണ്ഠ ക്ഷേത്രം, പൂവള്ളിക്കാവ് ക്ഷേത്രം, പൊക്ളശ്ശേരി ക്ഷേത്രം, വരകാടി ദേവീക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍. ബി.സി 3-2 നൂറ്റാണ്ടുകളില്‍ ബുദ്ധമതക്കാര്‍ താമസിച്ചിരുന്ന ഈ പ്രദേശം പിന്നീട് ആര്യന്‍മാരും തുടര്‍ന്ന് കൊച്ചി രാജാവിന്റെ അധീനതയില്‍ കരപ്പുറത്തെ നാടുവാഴികളും, പ്രഭുക്കന്‍മാരും, രാജാക്കന്‍മാരുടെ സാമന്തന്‍മാരും ഭരിച്ചിരുന്നു. മാരാരിക്കുളം (ശിവ) ക്ഷേത്രവുമായി ബന്ധപ്പെട്ട് മാരന്റെ രിപുവിന്റെ കളം (നാട്) രൂപാന്തരപ്പെട്ട് മാരാരിക്കുളം ഉണ്ടായി എന്നു പറയപ്പെടുന്നു. വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങളെ തുടര്‍ന്ന് ക്ഷേത്രപ്രവേശന വിളംബരം വന്നപ്പോള്‍ 1112 തുലാത്തില്‍ ഗാന്ധിജി ചേര്‍ത്തലയില്‍ പ്രസംഗിച്ചു. ഇത് തീരദേശത്തെ ഉണര്‍ത്തിയ സംഭവമാണ്. ദേശീയപ്രസ്ഥാനത്തോടനുബന്ധിച്ച് മദ്യവര്‍ജനം, സ്വദേശീയ വസ്ത്രപ്രേമം, ഖാദി വസ്ത്രനിര്‍മ്മാണം, ഹരിജനോദ്ധാരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. 1938-ല്‍ കണിച്ചുകളങ്ങര കടപ്പുറത്തു കൂടിയ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘട്ടനവും വെടിവയ്പ്പും നടന്നു. എം.കെ ശങ്കരക്കുറുപ്പ് വിദ്യാര്‍ത്ഥിയായിരിക്കെ മാരാരിക്കുളത്തെ സ്വാതന്ത്ര്യസമര പ്രക്ഷോഭം നയിച്ച് കുതിരപ്പട്ടാളത്തിന്റെ ക്രൂരമായ മര്‍ദ്ദനത്തിനിരയായി. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും എ.ടി.ടി.യു.സി പോലുള്ള തൊഴിലാളി സംഘടനകളും എസ് എന്‍ ഡി പി യും രാഷ്ട്രീയ സാമൂഹ്യരംഗത്ത് പ്രവര്‍ത്തിച്ചു. ജന്മിത്വത്തിനും സര്‍ സി.പി യുടെ ദുര്‍ഭരണത്തിന് എതിരെയും നടത്തിയ സമരം പ്രസിദ്ധമാണ്. സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച കസ്തൂര്‍ബാ സ്മാരക വായനശാല ഇവിടുത്തെ പ്രധാന സാംസ്കാരിക കേന്ദ്രമാണ്.ലോകത്തിലെ തന്നെ വിനോദ സഞ്ചാരമേഖലയെ ആകര്‍ഷിക്കുന്ന മാരാരി ബീച്ച് മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.